മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത്. ബുധനാഴ്ച വൈകീട്ട് ആറിനാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. 2025 ജനുവരി 23 നാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയും ഗോകുൽ സുരേഷുമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. രസകരമായ രംഗങ്ങളിലൂടെ തുടങ്ങി ഉദ്വേഗഭരിതമായാണ് ട്രെയിലർ ആവസാനിപ്പിക്കുന്നത്. വലിയ ആവേശത്തോടെയാണ് ആരാധകർ ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന് പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. കാണാതായ ഒരു പേഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്കു എത്തിക്കുന്നതാണ് ചിത്രത്ത്തിന്റെ ഇതിവൃത്തമെന്ന സൂചനയും ട്രെയിലർ നൽകുന്നു. വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴിൽ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ, തന്റെ കരിയറിൽ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ' 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Post a Comment